വികസന കാഴ്ചപ്പാട്
വികസന കാഴ്ചപ്പാട് – ലക്ഷ്യങ്ങള്‍, തന്ത്രങ്ങള്‍
ദാരിദ്ര്യമില്ലാത്ത, വിശക്കുന്നവരില്ലാത്ത മെച്ചപ്പെട്ട ആരോഗ്യവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും എല്ലാവര്ക്കും ലഭിക്കുന്ന അവസ്ഥ ഉണ്ടായാലേ സുസ്ഥിര വികസിത സമൂഹമാവൂ. ശുദ്ധജലവും ശുചിത്വവുമുള്ള പരിസരവും സ്ത്രീ പുരുഷ സമത്വവും, മാന്യമായ തൊഴിലും വരുമാനവും സുസ്ഥിരമായ ജീവിതത്തിനു അനിവാര്യമാണ്. ശിശു സൌഹൃദപരവും വയോജന സൌഹൃദപരവും ഭിന്നശേഷി സൌഹൃദപരവുമായ സമൂഹത്തില്‍ മാത്രമേ സുസ്ഥിരതയ്ക്ക് അര്‍ത്ഥമുണ്ടാകൂ. കാര്‍ഷിക വ്യവസായ വളര്‍ച്ചയും ജൈവവൈവിധ്യ സംരക്ഷണവും കാലാവസ്ഥാ വ്യതിയാനത്തെ കുറച്ചു കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങളും സുസ്ഥിരവികസനത്തിന്റെ ഭാഗമാണ്. ഇതുവഴി അസമത്വങ്ങള്‍ കുറഞ്ഞ സമാധാനവും നീതിയും മതമൈത്രിയും പുലരുന്ന ഒരു സമൂഹത്തെ രൂപപ്പെടുത്തി എടുക്കാനാണ് നാം ആഗ്രഹിക്കുന്നത് .
പുതിയ വിജ്ഞാനമേഖലകളുടെ സഹായത്തോടെയും ശാസ്ത്ര സാങ്കേതികവിദ്യകളുടെ പിന്‍ബലത്തോടെയും എല്ലാ ഉല്പാദന പ്രവര്‍ത്തനങ്ങള്‍ക്കും പുതുജീവന്‍ നല്കാന് നമുക്കു കഴിയും. അതുവഴി പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കി കൂടുതല്‍ പേരുടെ ജീവിതം മെച്ചപ്പെടുത്താനാവും. പിന്നോക്ക വിഭാഗങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ഉള്‍ക്കൊള്ളുന്ന വികസനമാണു നമ്മുടെ ലക്ഷ്യം. മാലിന്യ നിര്‍മാര്‍ജ്ജനവും സാമൂഹ്യ സുരക്ഷയും, മികച്ച പശ്ചാത്തല സൌകര്യങ്ങളും നമ്മുടെ വികസന മുന്‍ഗണനകളില്‍ പെടുന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരാളും ഒഴിവാക്കപ്പെടുന്നില്ല എന്ന സമീപനമാണ് നാം മുറുകെ പിടിക്കുന്നത് . സ്വയം പര്യാപ്തമായ അടിസ്ഥാന സൌകര്യങ്ങളോടുകൂടിയ ഗ്രാമം, ജലപര്യാപ്ത ഗ്രാമം, ദാരിദ്ര്യ രഹിതവും, ഉയര്‍ന്ന ഉപജീവന മാര്ഗ്ഗമുള്ളതുമായ ഗ്രാമം എന്നിവ പതിനാലാം പഞ്ചവത്സരപദ്ധതിയുടെ മുന്‍ഗണനകളായി ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതോടൊപ്പം സര്‍ക്കാര്‍ ഉത്തരവ് (കൈ)നം.198/2023/തസ്വഭവ, തീയതി-13/11/2023 പ്രകാരം 2024-25 വര്‍ഷത്തെ വികസന പദ്ധതികള്‍ക്കുള്ള മുന്‍ഗണനാക്രമം സര്‍ക്കാര്‍ നിശ്ചയിച്ച് ഉത്തരവായിട്ടുണ്ട്.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രാദേശിക സാമ്പത്തിക വികസനവും തൊഴിലവസരങ്ങളുടെ സൃഷ്ടിയും കാര്‍ഷിക മൃഗ സംരക്ഷണ, മത്സ്യ ക്ഷീര വികസന മേഖലകളിലെ ഉത്പ്പാദന വര്‍ദ്ധനവ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
നീര്‍ത്തടവികസനം പ്രളയ നിവാരണം, വരള്‍ച്ച പ്രതിരോധം എന്നീ ഘടകങ്ങളുള്പ്പെടുത്തി സമഗ്ര ജല വിഭവ പരിപാലനത്തിനുള്ള പദ്ധതികള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
ദുരന്തങ്ങള്‍ ലഘൂകരിക്കുന്നതിന് പ്രാദേശിക തലത്തില്‍ കര്‍മ്മ പദ്ധതി ആവിഷ്ക്കരിക്കണം
ലൈഫ് പദ്ധതി, ആനിമല്‍ ബര്‍ത്ത് കണ്ട്രോള്(എ.ബി.സി), തെരുവ് നായ ശല്യം പരിഹരിക്കുന്നതിനുള്ള പദ്ധതി, പരമ്പരാഗത തെരുവു വിളക്കുകള്‍ മാറ്റി എല്‍.ഇ.ഡി തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ എന്നിവ മുന്‍ഗണനകളാണ്.
മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിലൂടെ മാലിന്യ സംസ്ക്കരണ രംഗത്ത് വലിയ മാറ്റം കൈവരിക്കുന്നതിനുള്ള പ്രൊജക്ടുകള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹാപ്പിനസ് പാര്‍ക്കുകള്‍ സ്ഥാപിക്കേണ്ടതാണ്.
ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍ക്ക് അര്‍ഹമായ പരിഗണന നല്കി വാര്‍ഷിക പദ്ധതി സംയോജിപ്പിക്കേണ്ടതാണ്.
പഞ്ചായത്തിനെ ഒരൊറ്റ യൂണിറ്റായിക്കണ്ടുകൊണ്ടുള്ള പശ്ചാത്തല സൌകര്യ വികസനം, പട്ടികജാതി, മത്സ്യമേഖലകളുടെ പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ചു പരിഹരിക്കല്‍, നെല്‍കൃഷി വ്യാപനം, പാല്, മുട്ട, പച്ചക്കറി എന്നിവയില്‍ സ്വയംപര്യാപ്തതയിലേക്ക് വളരല് എന്നിവയെല്ലാം ലക്ഷ്യമാക്കിക്കൊണ്ടുള്ള പദ്ധതികള്‍ക്ക് വലിയ പ്രാധാന്യം ഉണ്ട്. ഇതോടൊപ്പം ലഹരി ഉപയോഗത്തനെതിരായ ബോധവത്ക്കരണവും കൌമാരക്കാര്‍ക്കുള്ള പ്രത്യേക പദ്ധതികളും നമ്മുടെ സജീവ ഇടപെടല്‍ മേഖലകളാണ്.
ഗ്രന്ഥശാലകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, കലാസമിതികള്‍, ക്ലബ്ബുകള്‍ എന്നിവയുടെയെല്ലാം ഏകോപനത്തിലൂടെ വലിയ സാംസ്ക്കാരിക മുന്നേറ്റം നാം ലക്ഷ്യമിടുന്നു. നമ്മുടെ കായിക സംസ്ക്കാരം നിലനിര്‍ത്താനും വളര്‍ത്താനുമുള്ള പരിപാടികളും ഉണ്ടാവേണ്ടതുണ്ട്.
പദ്ധതി ആസൂത്രണ പ്രക്രിയയില്‍ പൊതു ജനങ്ങളുടേയും വിദഗ്ദ്ധരുടേയും പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് കാര്യമായ പരിശ്രമം ഉണ്ടാവേണ്ടതുണ്ട്. ഈ വികസന സമീപനത്തിലൂടെ പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും ഊന്നുന്ന കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തി അതിന്റെ സന്തോഷം പങ്കുവെക്കുന്ന ഒരു വികസന സംസ്കാരം വളര്‍ത്തിയെടുക്കാനാണ് നമ്മുടെ ഗ്രാമപഞ്ചായത്ത് ശ്രമിക്കുന്നത്.